പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു വര്‍ഷം കഠിനതടവും 3,75,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ചേര്‍പ്പ് പടിഞ്ഞാട്ടുമുറി സ്വദേശി അബ്ദുള്‍ കരീമി (64) നെയാണ് സ്‌പെഷ്യല്‍ പോക്‌സോ കോടതി നമ്പര്‍ രണ്ട് ജഡ്ജ് ജയപ്രഭു ശിക്ഷിച്ചത്. വീട്ടില്‍ ആരും ഇല്ലാതിരുന്ന സമയം പ്രതി വീടിനകത്ത് കിടന്ന് ഉറങ്ങുകയായിരുന്ന പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടി ഗര്‍ഭിണിയായി. പ്രതി വിദേശത്തായിരുന്നു. ജോലി ഉപേക്ഷിച്ച് നാട്ടില്‍ സ്ഥിരം താമസമാക്കിയ പ്രതി വീട്ടിലുള്ള പല ദിവസങ്ങളില്‍ ലൈംഗിക ചേഷ്ടകള്‍ കാണിച്ച് കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 25 സാക്ഷികളെ വിസ്തരിക്കുകയും 38 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സ്റ്റേഷന്‍ ഹൗസ് ഓഫിസറായിരുന്ന ടി.വി. ഷിബുവാണ് കേസ് രജിസ്റ്റര്‍ ചെയ്തു അന്വേഷണം നടത്തിയത്. പിന്നീട് ഇന്‍സ്‌പെക്ടര്‍ അനീഷ് കരിം, സബ് ഇന്‍സ്‌പെക്ടര്‍ മഹേഷ്‌കുമാര്‍ എന്നിവര്‍ തുടരന്വേഷണം നടത്തി. തുടരന്വേഷണവും മറ്റും പൂര്‍ത്തിയാക്കി പ്രതിയുടെ പേരില്‍ ടി.വി. ഷിബു കുറ്റപത്രം സമര്‍പ്പിച്ചു. അന്വേഷണ സംഘത്തില്‍ ചേര്‍പ്പ് പൊലീസ് സ്റ്റേഷന്‍ സി.പി.ഒ. സരസപ്പനും ഉണ്ടായിരുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ.എ. സുനിത, അഡ്വ. ടി. ഋഷിചന്ദ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി സി.പി.ഒ. ബിനീഷ്, ലെയ്‌സണ്‍ ഓഫീസര്‍ വിജയശ്രീ എന്നിവര്‍ പ്രവര്‍ത്തിച്ചു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started