പാർലമെന്‍ററി കീഴ്വഴക്കങ്ങൾ ലംഘിച്ച് കൊണ്ട് ലോക്സഭ പ്രോംടേം സ്പീക്കറെ നിയമിച്ച നടപടി പ്രതിഷേധാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സഭയിൽ ഏറ്റവും കൂടുതൽ കാലം അംഗമായിട്ടും മാവേലിക്കര എം പി കൊടിക്കുന്നിൽ സുരേഷിനെ തഴഞ്ഞത് എന്തിനാണെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കേണ്ടതുണ്ട്. സംഘപരിവാർ പിന്തുടരുന്ന സവർണ്ണ രാഷ്ട്രീയമാണ് ഈ തീരുമാനത്തിനു പിന്നിലെന്ന് സംശയിക്കുന്നവർക്ക് എന്താണ് ബി ജെ പിയുടെ മറുപടിയെന്നും മുഖ്യമന്ത്രി ചോദിച്ചു.  പാർലമെന്‍ററി ജനാധിപത്യ മര്യാദകളെയും സഭയിലെ കീഴ് വഴക്കങ്ങളെയും അംഗീകരിക്കില്ല എന്ന  ധാർഷ്ട്യമാണ് ബിജെപിക്ക്. ഇക്കഴിഞ്ഞ ലോകസഭയിൽ ഡെപ്യൂട്ടി സ്പീക്കർ പദവി അഞ്ചു വർഷവും ഒഴിച്ചിടുകയായിരുന്നു. പ്രതിപക്ഷ കക്ഷിയിൽ പെട്ട ആരെയും ആ സ്ഥാനത്ത് അംഗീകരിക്കാൻ കഴിയില്ല എന്ന മനോഭാവമായിരുന്നു ഇതിന്റെ പിന്നിൽ. ബിജെപി നേതൃത്വത്തിന്റെ ഈ ധിക്കാരപരമായ സമീപനം ഇന്ത്യൻ ജനാധിപത്യത്തോടുള്ള വെല്ലുവിളിയും അവഹേളനവുമായി മാത്രമേ കാണാൻ കഴിയൂവെന്നും മുഖ്യമന്ത്രി പറഞ്ഞു. പതിനെട്ടാം ലോക്സഭയുടെ പ്രഥമ സമ്മേളനത്തിൽ ഭ‍ർതൃഹരി മഹ്താബ് ആണ് പ്രോ ടേം സ്പീക്കറാവുക. കോൺഗ്രസ് നേതാവ് മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെ ഒഴിവാക്കിയായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്‍റെ തീരുമാനം. ഈ മാസം 26 നാണ് ലോക്സഭയിൽ സ്പീക്കർ തെരഞ്ഞെടുപ്പ് നടക്കുക. ഇത് നിയന്ത്രിക്കേണ്ടത് പ്രോ ടൈം സ്പീക്കറാണ്. അതേ സമയം ഭര്‍തൃഹരി മഹ്താബിനെ പ്രോ ടെംസ്പീക്കറാക്കിയ നടപടിയില്‍ വിശദീകരണവുമായി കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി കിരണ്‍ റിജിജു രംഗത്തെത്തി. പ്രോ ടെം സ്പീക്കര്‍ സ്ഥാനം താൽക്കാലികമാണ്. സഭയുടെ നടത്തിപ്പില്‍ അവര്‍ക്ക് കാര്യമായൊന്നും ചെയ്യാനില്ല. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്നതുവരെ മാത്രമേ അവരുടെ ചുമതലയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started