തൃശൂർ ലോക്സഭ മണ്ഡലത്തിൽ കെ മുരളീധരന്റെ തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്നുള്ള പ്രശ്ന പരിഹാരത്തിനായി കെപിസിസി നിയോഗിച്ച താൽക്കാലിക ഡിസിസി പ്രസിഡന്റ് യോഗം നടത്തിയതും മാധ്യമങ്ങളെ കണ്ടതും ആരോപണ വിധേയരെ അരികിൽ ചേർത്തിരുത്തി. ആരോപണ വിധേയനായ മറ്റൊരു നേതാവിനെ തദ്ദേശ തെരെഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങളുടെ ഉപസമിതി ചുമതലയും നൽകി. തൃശൂർ ലോകസഭാ മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തേക്ക് പോയുള്ള ദയനീയ പരാജയമായിരുന്നു കെ മുരളീധരന്റേത്. തന്നെ ബലിയാക്കാൻ നിറുത്തേണ്ടായിരുന്നുവെന്ന ഗുരുതര ആരോപണമായിരുന്നു കെ മുരളീധരൻ ഉയർത്തിയത്. കെപിസിസിയുടെ അവലോകന യോഗത്തിൽ ടിഎൻ പ്രതാപനും ജോസ് വള്ളൂരിനും എതിരെ തുറന്നടിക്കുകയും ചെയ്തു. പിന്നാലെ ടിഎൻ പ്രതാപൻ, ജോസ് വളളൂർ, അനിൽ അക്കര, എംപി വിൻസെന്റ് എന്നിവർക്കെതിരെ ആരോപണങ്ങളുമായി തൃശൂർ നഗരത്തിൽ വ്യാപകമായി പോസ്റ്ററുകളും വന്നിരുന്നു. പോസ്റ്ററുകൾ കിണറിൽ തള്ളിയെന്നും ലൂർദ് മാതാവിന് സുരേഷ്‌ഗോപി വഴിപാടായി സമർപ്പിച്ച സ്വർണ കിരീടത്തെ കുറിച്ച് വിവാദമുണ്ടാക്കി ക്രൈസ്തവരുടെ അടക്കം കടുത്ത അതൃപ്തിക്ക് ഇടയാക്കിയെന്നും ബിജെപി ഏജന്റ് ആണെന്നും അനിൽ അക്കരക്കെതിരെ ആരോപണമുയർന്നിരുന്നു. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിൽ തൃശൂർ ഡിസിസിക്ക് വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയായിരുന്നു ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂരിനോടും യുഡിഎഫ് ചെയർമാൻ എംപി വിൻസെന്റിനോടും രാജി വെക്കാൻ കെപിസിസി, എഐസിസി നേതൃത്വങ്ങൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ രാജി പ്രഖ്യാപനവും നാടകീയ രംഗങ്ങൾ ഒരുക്കിയായിരുന്നു സംഘടിപ്പിച്ചത്. ഇതിലും മുരളീധരൻ വിഭാഗം അതൃപ്തിയിലായിരുന്നു. ഓഫീസിൽ വെച്ച് സംഘർഷമുണ്ടാവുകയും മുരളീധരൻ അനുഭാവി കൂടിയായ സജീവൻ കുരിയച്ചിറക്ക് മർദനമേൽക്കുകയും ചെയ്തിരുന്നു. തോൽവിയെ കുറിച്ച് അന്വേഷിക്കുന്നതിനും ഏതെങ്കിലും ഉത്തരവാദപ്പെട്ട നേതാക്കന്മാരുടെ ഭാഗത്തുനിന്നും തോൽവിക്ക് കാരണമായേക്കാവുന്ന നിലപാടുകൾ ഉണ്ടെങ്കിൽ, അതിനെതിരെ നടപടിയെടുക്കുന്നതിനും തോൽവിയെ തുടർന്നുണ്ടായ സംഭവങ്ങൾ പരിഹരിക്കുന്നതിനുമായിട്ടായിരുന്നു ഡിസിസിയുടെ ചുമതലയിൽ പാലക്കാട് എം.പി.വി. കെ .ശ്രീകണ്ഠനെ നിയോഗിച്ചത്. ടി എൻ പ്രതാപൻ , അനിൽ അക്കരെ, ജോസ് വളളൂർ തുടങ്ങി മുതിർന്ന നേതാക്കളടക്കമാണ് വി കെ ശ്രീകണ്ഠനെ സ്വീകരിച്ചത്. യുഡിഎഫ് ജില്ലാ മുൻ ചെയർമാൻ എംപി വിൻസെന്റ് ശ്രീകണ്ഠനെ സ്വീകരിക്കാൻ ഡിസിയിലെത്തിയില്ല.   കെ കരുണാകരന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് ഡിസിസി പ്രസിഡന്റായി ചുമതലയേറ്റത്. ഡിസിസിയിലെ കയ്യാങ്കളിയിൽ പ്രതികരിക്കാൻ വി കെ ശ്രീകണ്ഠൻ തയ്യാറായില്ല. പരാജയങ്ങളിൽ നിന്നും പാഠം ഉൾക്കൊണ്ട് പ്രവർത്തിക്കും എന്നായിരുന്നു അദ്ദേഹത്തിന്റെ ആദ്യ പ്രതികരണം. തൃശൂരിലെ തെരഞ്ഞെടുപ്പ് തോല്‍വി പഠിക്കാനുള്ള കെ.സി. ജോസഫ് ഉപസമിതി മറ്റന്നാള്‍ തൃശൂരെത്തുമെന്ന് ഡിസിസി അധ്യക്ഷന്‍ വി.കെ. ശ്രീകണ്ഠന്‍ പറഞ്ഞു. തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷമുള്ള ജില്ലയിലെ ഭാരവാഹികളുമായുള്ള യോഗത്തിനുശേഷം സംസാരിക്കുകയായിരുന്നു വികെ ശ്രീകണ്ഠൻ. 18ന് രാവിലെ രാവിലെ മുതിര്‍ന്ന നേതാക്കളുമായി പ്രശ്നം ചര്‍ച്ച ചെയ്യുമെന്ന് വികെ ശ്രീകണ്ഠൻ പറഞ്ഞു.  ഉച്ചതിരിഞ്ഞ് ഭാരവാഹികളുടെ പരാതി കേള്‍ക്കും. പ്രവർത്തകർക്ക് പരാതി നേരിട്ട് നൽകാം. വരുന്ന തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ സജ്ജമാക്കാനുള്ള ചുമതലയാണ് തനിക്കുള്ളതെന്നും  ജനങ്ങളുടെ ആഗ്രഹത്തിനൊത്ത് ഉണർന്ന് പ്രവർത്തിക്കാൻ നേതാക്കൾക്ക് ശ്രമിക്കണമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. തെരഞ്ഞെടുരപ്പ് തോല്‍വിക്ക് പിന്നാലെ പരസ്പരം ചെളിവാരിയെറിഞ്ഞുള്ള നേതാക്കളുടെയും അണികളുടെയും പരസ്യ പ്രതികരണങ്ങള്‍ 24 മണിക്കൂറിനുള്ളില്‍ സമൂഹ മാധ്യമങ്ങളില്‍ നിന്ന് നീക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  പരസ്പരമുള്ള വിഴുപ്പലക്കല്‍ പാടില്ലെന്നും എത്ര ഉന്നതനായാലും നടപടിയുണ്ടാകുമെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. പരസ്യ പ്രതികരണങ്ങള്‍ക്കും ഡിസിസി മതിലില്‍ പോസ്റ്റര്‍ ഒട്ടിക്കുന്നതിനും വിലക്കുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ക്ക് ഒ അബ്ദുറഹ്മാനും അനില്‍ അക്കരയും ഉള്‍പ്പെടുന്ന ഉപ സമിതിയെ ചുമതലപ്പെടുത്തിയതായും വി.കെ. ശ്രീകണ്ഠന്‍ അറിയിച്ചു. കെ. മുരളീധരൻ പരാതിക്കാരനാവുമെന്ന് കരുതുന്നില്ല. അദ്ദേഹത്തിന്‍റെ പരാതി കേന്ദ്ര നേതൃത്വത്തിന് മുന്നിലാണ് എത്തേണ്ടത്. സുരേഷ് ഗോപി കരുണാകരന്‍റെ കുടുംബവുമായി അടുപ്പമുള്ളയാൾ. സ്മൃതി കുടീരത്തിൽ പോയി പ്രാർഥിക്കുന്നതിലോ തെറ്റ് ഏറ്റുപറയുന്നതിലോ തെറ്റില്ല. രാഷ്ട്രീയത്തിനതീതമായി കരുണാകരൻ ചെയ്ത പ്രവൃത്തികളാണ് കെ. കരുണാകരനെ കേരളത്തിന്‍റെ പിതാവായി പ്രതിഷ്ടിക്കാൻ സുരേഷ് ഗോപിയെ പ്രേരിപ്പിച്ചതെന്നും വികെ ശ്രീകണ്ഠൻ പറഞ്ഞു. ചുമതല ഏറ്റെടുത്ത ശേഷം പത്രക്കാരെ കാണുമ്പോൾ, തൃശൂരിലെ കോൺഗ്രസ് പ്രവർത്തകർ കെ. മുരളീധരന്റെ തോൽവിയിൽ മുഖ്യ കാരണക്കാരായി മനസ്സിൽ കാണുന്ന രണ്ടുപേരെയും അടുത്തിരുത്തുകയും പ്രതിഷേധിച്ചവരെ കുറ്റപ്പെടുത്തുന്ന തരത്തിലാണ് സംസാരിച്ചതെന്ന് മുരളീധര വിഭാഗം നേതാക്കൾ പറഞ്ഞത്. ‘ആരോപണ വിധേയനായ മുൻ എം.പി.വായ പൊത്തിപ്പിടിച്ച് ശ്രീകണ്ഠനോട് കാര്യങ്ങൾ പറയുന്നത് കണ്ടപ്പോൾ തൃശൂരിലെ കോൺഗ്രസിന്റെ ഗതി മുരളീധരനെ തോൽപ്പിച്ചവർ തീരുമാനിക്കുമെന്നാണെന്ന് മനസിലായെന്ന് കെ മുരളീധരൻ വിഭാഗം നേതാക്കൾ പറഞ്ഞു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started