തൃശൂരിലും പാലക്കാട്ടും വിവിധ പ്രദേശങ്ങളിൽ തുടർചലനങ്ങൾക്ക് സാധ്യതയെന്ന് ജില്ലാ ഭരണകൂടം. തുടർച്ചയായ രണ്ടാം നാളിലുണ്ടായത് തീവ്രത രേഖപ്പെടുത്താത്ത നേരിയ ഭൂചലനം മാത്രം. വരും ദിവസങ്ങളിലും തുടർചലനങ്ങൾ പ്രതീക്ഷിക്കാമെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ജില്ലാ ഭരണകൂടം. ഇന്ന് പുലർച്ചെ 3.56ന് തൃശൂരിലും നാലിന് പാലക്കാടും ആണ് ഭൂചലനങ്ങൾ അനുഭവപ്പെട്ടത്. തൃശൂർ ജില്ലയിൽ കുന്നംകുളം, എരുമപ്പെട്ടി, വേലൂർ, വടക്കാഞ്ചേരി മേഖലകളിലും പാലക്കാട് ജില്ലയിൽ തൃത്താല, ആനക്കര, കപ്പൂർ,തിരുമിറ്റക്കോട് ‍‌ഭാഗങ്ങളിലും ഭൂചലനമുണ്ടായി. പ്രകമ്പനം ഏതാനും സെക്കൻഡുകളോളം ഇത് നീണ്ടു നിന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ഇന്നലെ രാവിലെയും ഈ മേഖലയില്‍ ഭൂചലനം ഉണ്ടായിരുന്നു. തുടര്‍ചലനങ്ങള്‍ ഉണ്ടായേക്കാമെന്നും എന്നാല്‍ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇന്നലെ തൃശൂർ ജില്ലയിൽ കുന്നംകുളം, തലപ്പിള്ളി താലൂക്കുകളുടെ വിവിധ ഭാഗങ്ങളിലും അതിർത്തിയിലുള്ള പാലക്കാട് ജില്ലയിലെ പ്രദേശങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. രാവിലെ 8.15ന് ഏകദേശം 4 സെക്കൻഡ് നീണ്ടുനിന്ന മുഴക്കത്തോടുകൂടിയ പ്രകമ്പനമാണ് റിപ്പോർട്ട് ചെയ്തത്. നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 3.0 ആണ് തീവ്രത രേഖപ്പെടുത്തിയത്. ഭൂമിക്ക് താഴെ നിന്നു മുഴക്കവും വിറയലും അനുഭവപ്പെട്ടതായി നാട്ടുകാർ പറഞ്ഞു. റവന്യു, ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തൃശൂരിൽ നിന്ന് 18 കിലോമീറ്റർ വടക്കുമാറി പാവറട്ടി വെൺമേനാട് ആണ് പ്രഭവകേന്ദ്രം എന്നാണ് നാഷണൽ സെന്റർ ഫോർ സീസ്‌മോളജിയുടെ പ്രാഥമിക നിഗമനം.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started