ലോകസഭാ തെരഞ്ഞെടുപ്പിലെ തോൽവിയും സംഘർഷത്തെയും തുടർന്ന് ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂർ രാജിവെച്ച സാഹചര്യത്തിൽ ഡിസിസി പ്രസിഡന്റായി താൽക്കാലികമായി കെപിസിസി ചുമതലപ്പെടുത്തിയ വി കെ ശ്രീകണ്ഠൻ ഇന്ന് തൃശൂരിലെത്തും. രാവിലെ 10ന് ഡിസിസി ഓഫീസിലെത്തി മുതിർന്ന നേതാക്കളുമായും പ്രവർത്തകരുമായും ചർച്ച നടത്തും. ചൊവ്വാഴ്ച കണ്ണൂരിലെത്തി കെ പിസിസി പ്രസിഡന്റ് കെ സുധാകരനുമായും വൈകീട്ട് കോഴിക്കോടെത്തി കെ മുരളീധരനുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കെ മുരളീധരൻ പാലക്കാട് മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. പാലക്കാട്  നിയമസഭാ മണ്ഡലത്തിലേക്ക് കരുത്തനാണ് വരേണ്ടതെന്നും തീരുമാനമെടുക്കേണ്ടത് ഹൈക്കമാന്റാണെന്നും വി കെ ശ്രീകണ്ഠൻ പറഞ്ഞു. കെ മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ. മുരളീധരനുമായി നടത്തിയ കൂടിക്കാഴ്ച പോസറ്റീവാണ്. തൃശൂരിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശക്തമായ മുന്നൊരുക്കം ഉണ്ടായില്ലെന്നും ശ്രീകണ്ഠൻ ചൂണ്ടിക്കാട്ടി. മറ്റു കാര്യങ്ങൾ കെപിസിസി ഉപസമിതി അന്വേഷിക്കും. തൃശൂരിൽ എല്ലാവരെയും ഒരുമിച്ചു കൊണ്ടു പോകാനാണ് ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലോകസഭാ തെരഞ്ഞെടുപ്പിൽ തൃശൂർ, ആലത്തൂർ മണ്ഡലങ്ങളിലെ തോൽവിയും ചാലക്കുടിയിലെ വോട്ട് ചർച്ചയും പിന്നാലെ ജില്ലാ കോൺഗ്രസ് കമ്മിറ്റിയിലെ ചേരിപ്പോരും പോസ്റ്റർ പ്രതിഷേധവും ഓഫീസിലെ തർക്കവുമടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് സംഘർഷാവസ്ഥയിലാണ് തൃശൂരിലെ കോൺഗ്രസ്. തെരഞ്ഞെടുപ്പ് തോൽവിയും ഓഫീസിലെ സംഘർഷത്തെയും തുടർന്ന് ജോസ് വെള്ളൂരിനെയും എം.പി. വിൻസന്റിനെയും നീക്കം ചെയ്തതിനു പിന്നാലെയാണ് കെ.പി.സി.സി ചുമതല ശ്രീകണ്ഠനെ ഏൽപ്പിച്ചത്. തൃശൂരിൽ കെ. മുരളീധരന്റെ തോൽവി പാർട്ടിക്കുള്ളിലുണ്ടാക്കിയ വിള്ളൽ ചെറുതല്ല. പാർട്ടി പ്രവർത്തകരും നേതാക്കളും ചേരിതിരിഞ്ഞ് തമ്മിലടിക്കുന്ന സ്ഥിതിയിൽ വരെ എത്തി കാര്യങ്ങൾ. ഡി.സി.സി പ്രസിഡന്റ് ജോസ് വെള്ളൂരിനെയും യു.ഡി.എഫ് ചെയർമാൻ എം.പി വിൻസന്റിനെയും തൽസ്ഥാനത്തു നിന്നു നീക്കിയെങ്കിലും പാർട്ടിക്കേറ്റ പ്രഹരം ഉടനെന്നും പരിഹരിക്കാനാവില്ല. പോസ്റ്റർ പ്രതിഷേധങ്ങളെ കൂടാതെ കായീകാക്രമണത്തിലേക്കും ഓഫീസിലെ തമ്മിൽത്തല്ലിലേക്കും എത്തിയിരുന്നു. യൂത്ത് കോൺഗ്രസ് ഭാരവാഹികൾ ഓഫീസിന് മുന്നിൽ വാർത്താസമ്മേളനം വിളിച്ചാണ് ടിഎൻ പ്രതാപൻ അടക്കമുള്ളവർക്കെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. തങ്ങൾ കരുത്തരാണെന്ന് കാണിക്കുന്നതായിരുന്നു രാജിക്ക് മുമ്പായി ഓഫീസിൽ തങ്ങളുടെ അനുയായികളെ വിളിച്ച് ചേർത്തുള്ള വൈകാരിക പ്രകടനങ്ങൾ കാണിച്ചത്. എല്ലാവരെയും ഒന്നിപ്പിക്കുകയെന്ന ദൗത്യം അത്ര എളുപ്പമാവില്ലെന്ന് ശ്രീകണ്ഠനും അറിയാം. ഉടൻ  ഉപതിരഞ്ഞെടുപ്പിനു മുമ്പ് പാർട്ടിയെ ഒരുമിപ്പിച്ചു നിർത്തണമെന്നതാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഗ്രൂപ്പുകൾ അതിനു വഴങ്ങുമോ എന്നതാണ് പ്രധാനം. തെരഞ്ഞെടുപ്പ് പ്രവർത്തകരുടേത് കൂടിയാണെന്നതിനാൽ നേതാക്കളെയും പ്രവർത്തകരെയും കേൾക്കുമെന്നും എല്ലാവരെയും ഒന്നിച്ച് പോകാനുള്ള ശ്രമം നടത്തുമെന്നും ശ്രീകണ്ഠൻ പറഞ്ഞു. കഴിഞ്ഞ ദിവസം ഡിസിസി സെക്രട്ടറി സജീവൻ കുരിയച്ചിറയുടെ വീട് ആക്രമിച്ചതുൾപ്പെടെയുള്ള വിഷയങ്ങളും ശ്രീകണ്ഠന് മുന്നിലെത്തും. ബുധനാഴ്ച രാവിലെ ഡിസിസി ഓഫീസിലെത്തി മുതിർന്ന നേതാക്കളുമായും പ്രവർത്തകരുമായും ചർച്ച നടത്തുമെന്ന് ശ്രീകണ്ഠൻ പറഞ്ഞു. തൃശൂരിലെ തോൽവി അന്വേഷിക്കാന്‍ കെപിസിസി നിയോഗിച്ച  മൂന്നംഗ സമിതി അടുത്ത ദിവസങ്ങളിൽ തെളിവെടുപ്പ് തുടങ്ങുമെന്നാണ് വിവരം.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started