തൃശൂര്‍ ഡിസിസി പ്രസിഡന്റിന്റെ താത്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക്. ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്നുള്ള ജോസ് വള്ളൂരിന്റെ രാജിവച്ചതിന് പിന്നാലെയാണ് തീരുമാനം. താല്‍ക്കാലിക ചുമതല വികെ ശ്രീകണ്ഠന്‍ എംപിക്ക് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ നല്‍കിയതായി കെപിസിസി ജനറല്‍ സെക്രട്ടറി ടിയു രാധാകൃഷ്ണന്‍ അറിയിച്ചു. തൃശൂരിലെ തെരഞ്ഞെടുപ്പിലുണ്ടായ പരാജയത്തിന്റെ എല്ലാവശവും പരിശോധിച്ച് കെപിസിസിക്ക് സമഗ്രമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനായി മൂന്നംഗസമിതിയെ നിയോഗിച്ചു. രാഷ്ട്രീയകാര്യ സമിതി അംഗമായ കെസി ജോസഫ്, വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ്, ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ എന്നിവരാണ് സമിതിയിലുള്ളത്.തെരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് തൃശൂരിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഡിസിസിയിൽ കൂട്ടത്തല്ലുണ്ടായ സംഭവത്തിൽ ഡിസിസി ഭാരവാഹികളെ സസ്പെൻഡ് ചെയ്തു.  പൊതുസമൂഹത്തിനിടയില്‍ പാര്‍ട്ടിക്ക് അവമതിപ്പ്  ഉണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിച്ച ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഭാരവാഹികളും കെ മുരളീധരൻ അനുകൂലിയുമായ സജീവന്‍ കുരിയച്ചിറ, എം.എല്‍ ബേബി എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പിന് പിന്നാലെ ടിഎൻ പ്രതാപൻ, ജോസ് വള്ളൂർ എന്നിവർക്കെതിരെ വാർത്തസമ്മേളനം വിളിച്ച് ആരോപണമുന്നയിക്കുകയും പ്രതിഷേധിക്കുകയും ചെയ്ത സംഭവത്തിൽ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും സസ്പെൻഡ‍് ചെയ്തു. വ്യാജ വാർത്ത പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് നടപടി. സംസ്ഥാന ജനറൽ സെക്രട്ടറി കാവ്യ രഞ്ജിത്ത്, സംസ്ഥാന സെക്രട്ടറിമാരായ മുഹമ്മദ് ഹാഷിം, എബിമോൻ തോമസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. തെരഞ്ഞെടുപ്പ് ഫലം വന്ന അടുത്തദിവസം തോൽവിക്ക് കാരണം ടി എൻ പ്രതാപനാണെന്നായിരുന്നു ആരോപണം. തെറ്റായ കാര്യങ്ങളാണ് ഇവർ പറഞ്ഞതെന്ന് വിലയിരുത്തിയാണ് നടപടി. സംഘടന വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് കാണിച്ച് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പുഷ്പലത സി.ബിയാണ് സസ്പെൻഡ് ചെയ്തത്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started