പൊലീസിന്റെ പൊതുജനങ്ങളോടുള്ള പെരുമാറ്റം മെച്ചപ്പെടുത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതികളുമായി സ്റ്റേഷനില്‍ എത്തുന്നവര്‍ക്ക് തങ്ങളുടെ പരാതിക്ക് പരിഹാരമായി എന്ന ആത്മവിശ്വാസത്തോടെ തിരികെ പോകാന്‍ കഴിയണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു.  പൊതുജനങ്ങളോട് അടുത്ത് ഇടപഴകുന്ന സര്‍ക്കാര്‍ സംവിധാനമാണ് പൊലീസ്. ആ നിലയില്‍ സൂക്ഷ്മതയോടെ വിലയിരുത്തപ്പെടുന്ന വിഭാഗമാണ് പൊലീസ്. തികച്ചും സുതാര്യമായ പ്രവര്‍ത്തനമാണ് ഉണ്ടാകേണ്ടത്. ആരോടാണ് ചങ്ങാത്തം കൂടേണ്ടതെന്നും ആരോടാണ് ചങ്ങാത്തം കൂടെണ്ടാത്തതെന്നും തികഞ്ഞ ജാഗ്രത പാലിച്ചിരിക്കണമെന്നും തൃശൂര്‍ പൊലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡ് അഭിസംബോധന ചെയ്ത് മുഖ്യമന്ത്രി പറഞ്ഞു.  ഗുണ്ടകളുടെ വിരുന്നുകളിലടക്കം പൊലീസുകാര്‍ പങ്കെടുക്കുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ പരോക്ഷ വിമര്‍ശനം. പരിശീലനം പൂര്‍ത്തിയാക്കിയ 448 പൊലീസ് സേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിവാദ്യം സ്വീകരിച്ചു. തൃശൂരിലെ അക്കാദമിയില്‍ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങില്‍ കേരള ആംഡ് വനിതാ പൊലീസ് ബറ്റാലിയനിലെ 290 വനിതകളും കെ.എ.പി. അഞ്ചാം ബറ്റാലിയനിലെ 158 പുരുഷന്മാരുമാണ് സത്യപ്രതിജ്ഞ ചെയ്ത് സേനയുടെ ഭാഗമായത്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started