പന്നിയങ്കര ടോൾ പ്ലാസയിൽ ടോൾ നിരക്ക് കൂട്ടി. കൂട്ടിയ നിരക്ക് നാളെ മുതൽ പ്രാബല്യത്തിൽ വരും. ഒറ്റയാത്രക്കും മടക്കയാത്ര ചേര്‍ത്തുളള യാത്രക്കും മാസപ്പാസിനും നിരക്കുയരും.  ഏപ്രിൽ ഒന്നിന് കൂട്ടിയ നിരക്ക് വർധനആണെങ്കിലും കുതിരാനിൽ ഗതാഗതം ഒരു തുരങ്കത്തിലൂടെ മാത്രമാക്കിയതിനെതിരെയുള്ള പ്രതിഷേധത്തെ തുടർന്ന് മാറ്റി വെക്കുകയായിരുന്നു. കുതിരാനിൽ ഇപ്പോഴും ഒറ്റ വരി ഗതാഗതം തുടരുമ്പോഴാണ് ടോള്‍ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി വിജ്ഞാപനം പുറപ്പെടുവിച്ചത്. 2022 മാര്‍ച്ച് ഒൻപത് മുതലാണു പന്നിയങ്കരയില്‍ ടോള്‍ പിരിവ് ആരംഭിച്ചത്. 24 ദിവസം പിന്നിട്ടപ്പോള്‍, ഏപ്രില്‍ മുതല്‍ വീണ്ടും നിരക്ക് വര്‍ധിപ്പിച്ചു. പിന്നീടു കോടതിയെ സമീപിച്ചാണു നിരക്ക് കുറച്ചതെങ്കിലും കമ്പനി കേസ് നടത്തി നിരക്ക് വീണ്ടും ഉയര്‍ത്താന്‍ അനുമതി വാങ്ങി. വീണ്ടും 2023 ഏപ്രിലില്‍ നിരക്കു കൂട്ടി. പ്രദേശവാസികളിൽ നിന്നു ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമായതോടെ അതു മാത്രമാണു പിന്‍വലിച്ചത്. പന്നിയങ്കരയിൽ പിരിക്കുന്ന ടോൾ നിരക്കിന്റെ 60 ശതമാനം തുക ഈടാക്കുന്നത് കുതിരാൻ തുരങ്കത്തിലൂടെ കടന്നു പോകാനാണ്. 40 ശതമാനം തുകയാണു റോഡ് യാത്രയ്ക്ക് ഈടാക്കുന്നത്. യാത്ര നടത്താനാകാത്ത തുരങ്കത്തിന്റെ പേരിൽ ടോൾ പിരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. കുതിരാൻ തുരങ്കത്തിലൂടെ സുഗമമായ യാത്ര സാധ്യമല്ലാത്തതിനാൽ ടോൾ തുകയിൽ ആനുപാതികമായ കുറവ് നൽകണമെന്നാണു യാത്രക്കാരുടെ ആവശ്യം.വടക്കഞ്ചേരി ജനകീയവേദി, പന്തലാംപാടം ജനകീയ കൂട്ടായ്മ, സ്കൂൾ ബസ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ ടോൾ നിരക്കു വർധനയ്ക്കെതിരെ ഇന്ന് വൈകിട്ട് അഞ്ചിന് പന്നിയങ്കര ടോൾ പ്ലാസയിൽ പ്രതിഷേധ സമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. സ്കൂൾ വാഹനങ്ങൾക്കു ടോൾ നൽകണമെന്നു കമ്പനി ആവശ്യപ്പെട്ടതിനെതിരെ രക്ഷിതാക്കൾ അടക്കം പ്രതിഷേധത്തിൽ പങ്കെടുക്കും. നാളെ ടോൾ പ്ലാസയ്ക്കു മുൻപിൽ വിദ്യാർഥികളും പ്രതിഷേധിക്കും.

പുതിയ നിരക്ക് ഇങ്ങനെ (ബ്രാക്കറ്റില്‍ പഴയ നിരക്ക്)
ബ്രാക്കറ്റിൽ പഴയ നിരക്ക്) മടക്കയാത്ര ചേർത്ത്, മാസ പാസ് (50 ഒറ്റയാത്ര) എന്ന ക്രമത്തിൽ
കാർ, ജീപ്പ്, ചെറിയ വാഹനങ്ങൾ – 110 (110), 165 (160), 3695 (3605).
മിനി ബസ്, ചെറിയ വാണിജ്യ വാഹനങ്ങൾ -170 (165), 255 (250), •5720 (5575).
 ബസ്, ട്രക്ക്, (രണ്ട് ആക്സിൽ) 350 (340), 520 (510), 11590 (11300).
 വലിയ വാഹനങ്ങൾ (3-6 ആക്സിൽ) 530 (515), 795 (775), 17675 (17235).
ഏഴിൽ കൂടുതൽ ആക്‌സിലുള്ള വാഹനങ്ങൾ 685 (665), 1000 (1025), 22780 (22210).

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started