ഡ്രൈവിങ്​ സ്കൂൾ സമരത്തെ തുടർന്നുള്ള ഒത്തുതീർപ്പ്​ ചർച്ചയുടെ അടിസ്ഥാനത്തിൽ സർക്കാർ ഉത്തരവിറങ്ങി. ഗതാഗത വകുപ്പ്​ നടപ്പാക്കാനുദ്ദേശിച്ച പരിഷ്കാരങ്ങളിൽ ഇളവുകൾ മന്ത്രി ​പ്രഖ്യാപിച്ചെങ്കിലും വിശദാംശം ഉൾ​പ്പെടുത്തി ഉത്തരവിറക്കിയിരുന്നില്ല. ഇതുമൂലം ടെസ്റ്റുകളും പഴയപടി ആകാത്ത സാഹചര്യമുണ്ടായിരുന്നു. ഉത്തരവിറങ്ങിയതോടെ ​ഡ്രൈവിങ്​ ടെസ്റ്റ്​ പുതുക്കിയ നിർദേശങ്ങളോടെ നടക്കും.ഒരു എം.വി.ഐ മാത്രമുള്ള ഓഫിസുകളിൽ 40 ടെസ്റ്റും രണ്ട് എം.വി.ഐമാരുള്ളിടത്ത്​ 80 ടെസ്റ്റുകളും പ്രതിദിനം നടത്താമെന്ന്​ ഉത്തരവിൽ പറയുന്നു. 25 പുതിയ അപേക്ഷകർ, 10 റീടെസ്റ്റ്, അഞ്ചു പേർ പഠനാവശ്യത്തിനടക്കം വിദേശത്ത് പോകേണ്ടവരോ അവധിക്ക്​ വന്ന് മടങ്ങിപ്പോകേണ്ടവരോ ആയ പ്രവാസികൾ എന്ന രീതിയിലാകണം ടെസ്റ്റുകളി​ലെ മുൻഗണന. വിദേശത്ത് പോകുന്ന അപേക്ഷകർ ഇല്ലാത്ത സാഹചര്യത്തിൽ റീടെസ്റ്റ് അപേക്ഷകരുടെ സീനിയോറിറ്റി പരിഗണിച്ച് അവസരം നൽകണം. എട്ടു വർഷം വരെ പഴക്കമുള്ള വാഹനങ്ങൾ ടെസ്റ്റിന് ഉപയോഗിക്കാം. റോഡ് സുരക്ഷ മുൻനിർത്തി ഗ്രൗണ്ട് ടെസ്റ്റിന് ശേഷം റോഡ് ടെസ്റ്റ് നടത്തുന്ന രീതി തുടരും. റോഡ് ടെസ്റ്റുകൾ നിയമക്രമം പാലിച്ച് റോഡിൽ തന്നെ നടത്തണം. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളിലും ഗ്രൗണ്ടുകളിലും ആർ.ടി.ഒ, സബ് ആർ.ടി.ഒ ഓഫിസുകളിലും കാമറ സ്ഥാപിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് സ്വീകരിക്കും. റോഡ് സുരക്ഷ കണക്കിലെടുത്ത് ഡ്യുവൽ ക്ലച്ച്​-ബ്രേക്ക് സംവിധാനമുള്ള വാഹനങ്ങളിൽ ടെസ്റ്റ് നടത്തുന്ന രീതി തുടരും. ലേണേഴ്സ് ലൈസൻസ് നേടിയവരുടെയും ഇതിന്‍റെ കാലാവധി അവസാനിക്കുന്നവരുടെയും ക്രമം അനുസരിച്ചുള്ള പ്രത്യേക പട്ടിക തയാറാക്കണം. ഓരോ ഓഫിസിന്‍റെ കീഴിലുമുള്ള തീർപ്പാകാനുള്ള അപേക്ഷകളുടെ ബാഹുല്യം പരിശോധിച്ച് അധികം അപേക്ഷകരുള്ള സ്ഥലങ്ങളിൽ മോട്ടോർ വെഹിക്കിൾ എൻഫോഴ്​സ്​മെന്റ് വിഭാഗത്തിൽനിന്നുള്ള ഉദ്യോഗസ്ഥരെ നിയോഗിച്ച് അപേക്ഷ തീർപ്പാക്കണം. പ്രതിദിനം 40 ടെസ്റ്റ് എന്ന മാനദണ്ഡം പാലിച്ചാവണം അപേക്ഷകൾ പരിഗണിക്കേണ്ടത്. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥപ്രകാരം ഓരോ ഡ്രൈവിങ്​ സ്​കൂളിനും യോഗ്യതയുള്ള ഡ്രൈവിങ്​ ഇൻസ്ട്രക്ടർ ഉണ്ടാകണമെന്നും ടെസ്റ്റിന്​ അപേക്ഷകരെ ഹാജരാക്കുമ്പോൾ സാന്നിധ്യം ഉറപ്പ് വരുത്തണമെന്നും ഉത്തരവിൽ നിർദേശിക്കുന്നു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started