കൊടുംക്രൂരതയ്ക്ക് ശിക്ഷ എന്ത്; കാത്തിരിപ്പോടെ കേരളം

കണ്ണൂർ പാനൂരിലെ വിഷ്ണുപ്രിയ കൊലക്കേസിൽ ശിക്ഷാ വിധി ഇന്ന്. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി പ്രതി ശ്യാംജിത്ത് കുറ്റക്കാരനാണെന്ന് വിധിച്ചിരുന്നു. ശേഷം ശിക്ഷാ വിധി ഇന്നത്തേക്ക് മാറ്റി വെച്ചതാണ്. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ ആവശ്യം. കൃത്യമായ സാക്ഷി മൊഴികളും തെളിവുകളും ഹാജരാക്കാൻ കഴിഞ്ഞത് പ്രതിക്ക് പരമാവധി ശിക്ഷ നൽകാൻ സഹായമാകുമെന്നും പ്രോസിക്യൂഷൻ കരുതുന്നു.

2022 ഒക്ടോബർ 22നാണ് പട്ടാപ്പകൽ വീട്ടിൽ കയറി വിഷ്ണുപ്രിയയെ സുഹൃത്ത് ശ്യാംജിത്ത് അതിദാരുണമായി കൊലപ്പെടുത്തിയത്. പാനൂര്‍ വള്ള്യായിലെ കണ്ണച്ചാകണ്ടി വീട്ടില്‍ വിനോദിന്റെ മകള്‍ വിഷ്ണുപ്രിയയെ (23) പകല്‍ 12 മണിയോടെ വീട്ടിലെ കിടപ്പ് മുറിയില്‍ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ മണിക്കൂറുകള്‍ക്കകം മാനന്തേരിയിലെ താഴെകളത്തില്‍ എ ശ്യാംജിത്തിനെ (25) പൊലീസ് അറസ്റ്റ് ചെയ്തിതു. പ്രണയത്തിൽ നിന്ന് പിന്മാറിയതിലുള്ള പകയാണ് കൊലയിലേക്ക് നയിച്ചത്. കൊല മൃഗീയമായിരുന്നുവെന്നാണ് കോടതിയില്‍ പ്രോസിക്യൂഷൻ വാദിച്ചത്.

ബാഗില്‍ മാരക ആയുധങ്ങളുമായെത്തിയാണ് പ്രതി വിഷ്ണുപ്രിയയെ അക്രമിച്ചത്. ചുറ്റിക കൊണ്ട് തലക്കടിച്ച ശേഷം ഇരു കൈകള്‍ക്കും പരിക്കേല്‍പ്പിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. 29 മുറിവുകള്‍ ശരീരത്തിലുണ്ടായിരുന്നുവെന്ന് വിഷണുപ്രിയയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്ത് അറ്റുത്തൂങ്ങിയ നിലയിലായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. എന്തെങ്കിലും പറയാനുണ്ടോ എന്ന് ചോദിച്ച മജിസ്ട്രേറ്റിന് മുന്നില്‍ പ്രതി മൗനം പാലിക്കുകയായിരുന്നു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started