ക്ഷേത്രങ്ങളിൽ പൂജ, നിവേദ്യം എന്നിവയ്ക്ക് അരളിപ്പൂ ഉപയോ​ഗിക്കേണ്ടെന്ന പൊതു നിർദ്ദേശം ഉയർന്നതോടെ ഇക്കാര്യത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഇന്ന് തീരുമാനമെടുക്കും. ഇന്നലെ ബോർഡ് പ്രാഥമിക ചർച്ച നടത്തി. അരളിച്ചെടിയുടെ പൂവിലും ഇലയിലുമെല്ലാം വിഷാംശമുണ്ടെന്നും മരണത്തിനു വരെ കാരണമാകാമെന്നും കണ്ടെത്തിയിരുന്നു. ഭക്ത ജനങ്ങളും ക്ഷേത്ര ജീവനക്കാരും ദേവസ്വം ബോർഡിനെ ആശങ്ക അറിയിച്ചിട്ടുണ്ട്. ഹരിപ്പാട് അരളിപ്പൂവും ഇലയും കടിച്ചത് യുവതിയുടെ മരണത്തിനു കാരണമായെന്നു റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് ഇക്കാര്യത്തിൽ തീരുമാനം എടുക്കാൻ ബോർഡ് യോ​ഗം ചേരുന്നത്. ഇതുസംബന്ധിച്ചു അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ബോർഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് നിർദ്ദേശം നൽകി. ശബരിമല ഉൾപ്പെടെയുള്ള ക്ഷേത്രങ്ങളിൽ അരളിപ്പൂ ഉപയോ​ഗിക്കുന്നുണ്ട്. ക്ഷേത്ര വളപ്പിൽ അരളി നട്ടു വളർത്തേണ്ടെന്നും അഭിപ്രായമുണ്ട്. നിവേദ്യത്തിൽ തുളസിക്കും തെച്ചിക്കുമൊപ്പം അരളിയും അർപ്പിക്കാറുണ്ട്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started