റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികള്‍ തകര്‍ത്തതായി പരാതി. കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മാണത്തിന് എത്തിച്ച ജെ.സി.ബികളാണ് തകര്‍ത്തത്. ജെ.സി.ബികളുടെ ഡീസല്‍ ടാങ്കും എഞ്ചിന്‍ ടാങ്കുമാണ് തകര്‍ത്ത് മണ്ണും ഉപ്പുമിട്ട് നശിപ്പിച്ചെന്ന് കരാറുകാരന്‍ കുന്നംകുളം പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.  ഏകദേശം ആറുലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്. റോഡ് നവീകരണ ജോലികള്‍ കഴിഞ്ഞ് കൂമ്പുഴ പാലത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന ജെ.സി.ബികള്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രവര്‍ത്തിക്കാന്‍ ഓപ്പറേറ്റര്‍ എത്തിയപ്പോഴാണ് ഡീസല്‍, എഞ്ചിന്‍ ടാങ്കുകളുടെ അടപ്പ് തുറന്നിരിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മണ്ണും ഉപ്പും നിക്ഷേപിച്ചതായി കണ്ടെത്തിയത്. ജെ.സി.ബി പ്രവര്‍ത്തനരഹിതമായതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഭാഗികമായ തടസം നേരിട്ടെന്നും കരാറുകാരന്‍ പറഞ്ഞു. കേച്ചേരി- അക്കിക്കാവ് ബൈപ്പാസ് റോഡ് നിര്‍മാണം അതിവേഗതയില്‍ മുന്നോട്ടു പോകുന്നതിനിടയില്‍ വികസന വിരോധികളായ സാമൂഹ്യവിരുദ്ധര്‍ നടത്തുന്ന ഇത്തരം അക്രമ പ്രവര്‍ത്തനങ്ങളെ അപലപിക്കുന്നതായി എ.സി മൊയ്തീന്‍ എം.എല്‍.എ പറഞ്ഞു. റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ജനങ്ങള്‍ ഒറ്റപ്പെടുത്തണമെന്നും റോഡ് നിര്‍മാണത്തിന് ആവശ്യമായ സംരക്ഷണം ഉറപ്പുവരുത്തണമെന്നും എം.എല്‍.എ ആവശ്യപ്പെട്ടു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started