രാഹുൽ ഗാന്ധിയുടെ റോഡ് ഷോകൾക്ക് മറുപടിയായി ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയർത്തി വയനാട്ടിൽ ആനിരാജയുടെ റോഡ് ഷോ. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയിൽ നിന്ന് ലീഗിന്‍റെ പച്ചക്കൊടി ഒഴിവാക്കിയതിനെ വിമര്‍ശിച്ചുകൊണ്ട് ഐഎന്‍എല്ലിന്‍റെ പച്ചക്കൊടി ഉയര്‍ത്തി വിശീയാണ് സിപിഎം നേതാവ് വൃന്ദ കാരാട്ട് മറുപടി നല്‍കിയത്.  രാഹുലിന്‍റെ നാമനിര്‍ദേശ പത്രിക നോമിനേഷനിൽ ലീഗിന്‍റെ പച്ചക്കൊടി എന്തിനാണ് ഒളിപ്പിച്ചു വെച്ചതെന്ന് ചോദിച്ച വൃന്ദ കാരാട്ട് മലയാളത്തില്‍ പച്ചക്കൊടി എന്നെടുത്ത് പറയുകയും ചെയ്തു. എന്താണ് ബിജെപിയുമായി നേരിട്ട് ഒരു പോരാട്ടത്തിന് കോണ്‍ഗ്രസ് തയ്യാറാവത്തതെന്ന് വ്യക്തമാക്കണമെന്നും വൃന്ദ കാരാട്ട് ആവശ്യപ്പെട്ടു. രാഹുലിനെ പേരെടുത്ത് പറയാതെയായിരുന്നു വിമര്‍ശനം. അമേഠിയയും റായ്ബറേലിയും ഉപേക്ഷിച്ച് പോവുകയാണോയെന്നും വയനാട് എംപി അവിടെ പത്രിക നല്‍കുമോയെന്നും വൃന്ദ കാരാട്ട് ചോദിച്ചു. കഴിഞ്ഞ അഞ്ചുവര്‍ഷം വയനാട്ടില്‍ ഒരു എംപി ഇല്ലായിരുന്നു. ഇനി വയനാടിന്‍റെ എംപി ആനി രാജയാണ്. നിങ്ങൾക്ക് വേണ്ടത് ഒരു പാർടൈം എംപിയെ ആണോ അതോ മുഴുവൻ സമയം എംപി ആണോ? ദേശീയ നേതാക്കൾക്ക് ഒരുപാട് ഉത്തരവാദിത്വങ്ങളുണ്ട്.  ബിജെപിയെ താഴെയിറക്കാൻ ആണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്.  കേരളത്തിലെ ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചത് എൽഡിഎഫ് ആണ്. അങ്ങനെയുള്ള എൽഡിഎഫിനോടാണ് യുഡിഎഫിന്‍റെ നേതാവ് കേരളത്തിൽ മത്സരിക്കുന്നതെന്നും വൃന്ദ കാരാട്ട് തുറന്നടിച്ചു. ചെങ്കൊടിക്കൊപ്പം പച്ചക്കൊടിയും ഉയര്‍ത്തി വീശിയുള്ള റോഡ് ഷോയിലെ ആവേശവും പ്രചാരണത്തില്‍ തുടക്കം മുതലുണ്ടായിരുന്ന മേല്‍ക്കൈയും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടത് ക്യാമ്പ്. പ്രചാരണത്തിലെ അടുക്കും ചിട്ടയും പോലെ റോഡ് ഷോയിലും ഒതുക്കം പ്രകടമായിരുന്നു. രാഹുൽ ഇളക്കിമറിച്ച തെരുവുകളെ, സംഘടനാ സംവിധാനങ്ങൾ കൊണ്ട് മറികടക്കാനാണ് എൽഡിഎഫ് ശ്രമം. വൃന്ദ കാരാട്ടിനൊപ്പം ബിനോയ് വിശ്വവും ആനിരാജക്ക് വോട്ട് തേടി റോഡ് ഷോയില്‍ പങ്കെടുത്തു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started