പൊന്നാനിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതിനാല്‍ നാളെ ചെറിയ പെരുന്നാള്‍ അയിരിക്കുമെന്ന് സമസ്ത പ്രസിഡൻ്റ് ജിഫ്രി മുത്തു കോയ തങ്ങളും പാണക്കാട്  സാദിഖലി ശിഹാബ് തങ്ങളും അറിയിച്ചു. മാസപിറവി കണ്ടതായി കോഴിക്കോട് ഖാസി മുഹമ്മദ്‌ കോയ ജമലുലൈലി തങ്ങളും നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കോഴിക്കോട് മുഖ്യ ആക്ടിങ്ങ് ഖാസി സഫീർ സഖാഫിയും വ്യക്തമാക്കി. പൊന്നാനിയിൽ മാസപ്പിറവി കണ്ട സാഹചര്യത്തിൽ നാളെ ഈദുൽ ഫിത്വർ (ചെറിയപെരുന്നാൾ ) ആയിരിക്കുമെന്ന് കേരള ഹിലാൽ (കെഎൻഎം) കമ്മിറ്റി ചെയർമാൻ എം മുഹമ്മദ്‌ മദനിയും അറിയിച്ചു. ഇതോടെ ഒരു മാസം നീണ്ട വ്രതാനുഷ്ഠാനങ്ങൾക്ക് ശേഷം വിശ്വാസി സമൂഹം ആഘോഷത്തിലേക്ക് കടക്കുകയാണ്. മാസപ്പിറവി കണ്ടതിനാല്‍ ഒമാനിലും ബുധനാഴ്ച ചെറിയ പെരുന്നാള്‍ ആഘോഷിക്കും. മറ്റ് ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുക. രാജ്യത്തെ വിവിധ മസ്ജിദുകളിലും ഈദ് ഗാഹുകളിലുമായി പെരുന്നാള്‍ നമസ്കാരത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സൗദിയിലും ഒമാന്‍ ഒഴികെ ഗള്‍ഫ് രാജ്യങ്ങളിലും റമദാന്‍ വ്രതം മാര്‍ച്ച് 11നായിരുന്നു ആരംഭിച്ചത്. പെരുന്നാളിനോട് അനുബന്ധിച്ച് വിപുലമായ ആഘോഷങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുക്കിയിരിക്കുന്നത്. ഇത്തവണ ഏപ്രിൽ ഒമ്പത് മുതൽ നാല് ദിവസമായിരിക്കും സൗദി സ്വകാര്യ മേഖല സ്ഥാപനങ്ങൾക്കുള്ള പെരുന്നാൾ അവധിയെന്ന് മന്ത്രാലയം വ്യക്തമാക്കിയിരുന്നു. യുഎഇ സര്‍ക്കാര്‍ പൊതുമേഖലാ ജീവനക്കാര്‍ക്ക് ഒരാഴ്ചത്തെ ചെറിയ പെരുന്നാള്‍ അവധിയാണ് ലഭിക്കുക. വാരാന്ത്യ അവധി ദിവസങ്ങള്‍ കൂടി കണക്കിലെടുക്കുമ്പോള്‍ ആകെ ഒമ്പത് ദിവസത്തെ നീണ്ട അവധിയാണ് ലഭിക്കുക. ഏപ്രില്‍ എട്ട് തിങ്കളാഴ്ച മുതല്‍ ഏപ്രില്‍ 14 ഞായറാഴ്ച വരെയാണ് അവധി ലഭിക്കുക. ഏപ്രില്‍ 15 മുതലാണ് പ്രവൃത്തി സമയം. യുഎഇയിൽ സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവര്‍ക്ക് നാലു ദിവസം പെരുന്നാൾ അവധി ലഭിക്കും. റമദാൻ 29 തിങ്കൾ (ഏപ്രിൽ 8) മുതൽ ശവ്വാൽ 3 വരെയാണ് അവധി ലഭിക്കുക. മാസപ്പിറവിയുടെ അടിസ്ഥാനത്തിൽ ശമ്പളത്തോടെയുള്ള അവധി ദിനങ്ങൾ നാലോ അഞ്ചോ ലഭിക്കും.  ഏപ്രില്‍ ഒമ്പത് മുതല്‍ 14 വരെയാണ് കുവൈത്തിൽ അവധി. ഏപ്രില്‍ 14 ഞായറാഴ്ച മുതല്‍ പ്രവൃത്തി ദിവസം പുനരാരംഭിക്കും. പൊതു അവധി ദിവസങ്ങളായ വെള്ളി, ശനി കൂടി ചേര്‍ന്നാണ് അഞ്ചു ദിവസത്തെ അവധി ലഭിക്കുക. ഈ ദിവസങ്ങളില്‍ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍, ഏജന്‍സികള്‍, പൊതുസ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കില്ല. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്കുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കും.  ഒമാനിൽ ഏപ്രിൽ ഒമ്പത് ചൊവ്വാഴ്ച മുതൽ 11 വരെയാണ് പൊതു, സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് അവധി. അവധി കഴിഞ്ഞ് ഏപ്രിൽ 14 ഞായറാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. വാരാന്ത്യ അവധി ദിവസങ്ങളുള്‍പ്പെടെ അഞ്ച് ദിവസമാണ് അവധി ലഭിക്കുക. ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഖത്തറില്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started