പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനിൽ ആന്റണിക്കെതിരെ ആരോപണവുമായി  ദല്ലാൾ ടി.പി നന്ദകുമാർ. അനിൽ ആന്റണി വലിയ അഴിമതിക്കാരനാണെന്നും പിതാവിനെ ഉപയോഗിച്ച് വില പേശി പണം വാങ്ങിയിരുന്നെന്നും അദ്ദേഹം ആരോപണം ഉന്നയിച്ചു. സിബിഐ സ്റ്റാൻഡിങ് കൗൺസിൽ നിയമനത്തിനായി അനിൽ ആന്റണി 25 ലക്ഷം തന്റെ കൈയ്യിൽ നിന്നും വാങ്ങിയെന്നും അദ്ദേഹം പറഞ്ഞു. താൻ പറയുന്ന അഭിഭാഷകനെ സിബിഐ സ്റ്റാന്റിങ് കൗൺസിൽ ആയി നിയമിക്കണം എന്ന് ആവശ്യപ്പെട്ടാണ് അനിൽ ആന്റണിക്ക് പണം നൽകിയത്. എന്നാൽ നിയമനം വന്നപ്പോൾ മറ്റൊരാളെയാണ് നിയമിച്ചത്. താൻ ആവശ്യപ്പെട്ടയാളെ നിയമിക്കാത്തതിനാൽ വാങ്ങിയ 25 ലക്ഷം രൂപയും തിരികെ നൽകിയെന്നും നന്ദകുമാർ പറഞ്ഞു.യുപിഎ ഭരണകാലത്ത് നിരവധി അഴിമതികൾ നടത്തിയെന്നും ദില്ലിയിലെ ഏറ്റവും വലിയ ദല്ലാൾ ആയിരുന്നു അനിൽ ആന്റണിയെന്ന് ടിപി നന്ദകുമാര്‍ പറഞ്ഞു. ദില്ലിയിൽ അന്ന് പ്രതിരോധ മന്ത്രിയുടെ വീട്ടിൽ നിന്ന് നിർണായക രേഖകൾ എടുത്ത് ഫോട്ടോ സ്റ്റാറ്റസ് എടുത്ത് വിൽക്കലായിരുന്നു പ്രധാന ജോലി. അന്ന് പല ബ്രോക്കർമാരും അനിൽ ആന്റണിയെ സമീപിച്ചിരുന്നുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു. ചില പ്രതിരോധ രേഖകൾ എങ്ങനെ ചോർന്നു എന്ന് എൻഡിഎ സർക്കാർ അന്വേഷണം തുടങ്ങിയപ്പോഴാണ് അനിൽ ആന്റണി ബിജെപിയിൽ ചേർന്നത്. വിവരങ്ങൾ പി.ജെ കുര്യന് അറിയാം. എകെ ആന്റണിയുടെ പ്രതിച്ഛായയെ ബാധിക്കുമെന്ന് കരുതിയാണ് വെളിപ്പെടുത്താത്തത്. ആരോപണങ്ങൾ അനിൽ ആന്റണി നിഷേധിച്ചാൽ എല്ലാ തെളിവുകളും പുറത്ത് വിടുമെന്നും നന്ദകുമാർ പറഞ്ഞു. അതേ സമയം ദല്ലാള്‍ ടിപി നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി പത്തനംതിട്ടയിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്‍റണി രംഗത്തെത്തി. ആരോപണമുന്നയിച്ചയാള്‍ സാമൂഹ്യവിരുദ്ധനാണെന്ന് അനില്‍ ആന്‍റണി വ്യക്തമാക്കി. ദല്ലാള്‍ നന്ദകുമാറിന്‍റെ ആരോപണങ്ങള്‍ അനില്‍ ആന്‍റണി തള്ളികളഞ്ഞു.തെളിവുണ്ടെങ്കില്‍ പുറത്തുവിടട്ടെയെന്നും അനില്‍ ആന്‍റണി വെല്ലുവിളിച്ചു. ദല്ലാള്‍ നന്ദകുമാറിനെ ഒന്ന് രണ്ട് തവണ കണ്ടിട്ടുണ്ട്. ചില ആവശ്യങ്ങള്‍ പറഞ്ഞിരുന്നു. നടക്കില്ല എന്ന് അറിയിച്ച് മടക്കി അയക്കുകയായിരുന്നു. ആരോപണ മുന്നയിച്ചയാള്‍ സാമൂഹ്യവിരുദ്ധനാണ്. ദല്ലാളിന്‍റെ നീക്കങ്ങൾക്ക് പിന്നിൽ രാജ്യവിരുദ്ധനായ ആന്‍റോ ആന്‍റണിയാണ്. നന്ദകുമാര്‍ തന്നെ നിരന്തരം ശല്യം ചെയ്തയാളാണ്. ശല്യം സഹിക്കവയ്യാതെ നമ്പറുകൾ ബ്ലോക്ക് ചെയ്തു. ബ്ലാക്ക് മെയിലിങ്ങിന്‍റെ ആളാണ് നന്ദകുമാർ എന്ന മനസ്സിലാക്കി തന്നെ കരിവാരിത്തേക്കാനുള്ള ആസൂത്രിത ശ്രമമാണ്. നിയമനടപടികൾക്ക് പോകാൻ തെരഞ്ഞെടുപ്പ് കാലത്ത് സമയമില്ലെന്നും ഉമാ തോമസിനും പി ജെ കുര്യനും അറിയാമെങ്കിൽ അവരോട് ചോദിക്കുവെന്നും അനിൽ ആന്റണി പറഞ്ഞു.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started