ഈ വർഷത്തെ ആഗോള അതിസമ്പന്നരുടെ പട്ടിക പുറത്തുവിട്ട് ഫോബ്സ് മാഗസിൻ. മലയാളികളിൽ ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിക്കാണ് ഒന്നാം സ്ഥാനം. കഴിഞ്ഞ വർഷവും ഇദ്ദേഹമായിരുന്നു ഒന്നാമത്. ഇന്ത്യയിൽ 19ാം സ്ഥാനവും യൂസുഫലിക്കാണ്. ആഗോളതലത്തിൽ 497ൽനിന്ന് 344ാം സ്ഥാനത്തെത്താനും ഇദ്ദേഹത്തിന് സാധിച്ചു. 7600 കോടി ഡോളറാണ് യൂസുഫലിയുടെ ആസ്തിമൂല്യം. ഇദ്ദേഹമടക്കം 12 മലയാളികൾ പട്ടികയിൽ ഇടംനേടിയിട്ടുണ്ട്. 11600 കോടി ഡോളറിന്‍റെ ആസ്തിയുമായി ഇന്ത്യയിൽ റിലയൻസ് ഗ്രൂപ് ചെയർമാൻ മുകേഷ് അംബാനി ഒന്നാമതായി. 20330 കോടി ഡോളർ ആസ്തിയുള്ള ലൂയി വിട്ടൻ ഉടമ ബെർണാഡ് അർനാൾട്ടാണ് ആഗോള അതിസമ്പന്നൻ. ഇലോൺ മസ്ക് (19500 കോടി ഡോളർ), ജെഫ് ബെസോസ് (19400 കോടി ഡോർ) എന്നിവരാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ജോയ് ആലുക്കാസ് (440 കോടി ഡോളർ), ഡോ. ഷംസീർ വയലിൽ (350 കോടി ഡോളർ), ക്രിസ് ഗോപാലകൃഷ്ണൻ (350 കോടി ഡോളർ), രവി പിള്ള (330 കോടി ഡോളർ), സണ്ണി വർക്കി (330 കോടി ഡോളർ), ടി.എസ്. കല്യാണ രാമൻ (320 കോടി ഡോളർ), എസ്.ഡി. ഷിബു ലാൽ (200 കോടി ഡോളർ), കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി (160 കോടി ഡോളർ), ജോർജ് അലക്സാണ്ടർ മുത്തൂറ്റ് (130 കോടി ഡോളർ), ജോർജ് ജേക്കബ് മുത്തൂറ്റ് (130 കോടി ഡോളർ), ജോർജ് തോമസ് മുത്തൂറ്റ് (130 കോടി ഡോളർ), സാറ ജോർജ് മുത്തൂറ്റ് (130 കോടി ഡോളർ) എന്നിവരാണ് പട്ടികയിൽ ഇടംനേടിയ മലയാളികൾ. ഫോബ്സിന്‍റെ അതിസമ്പന്നരുടെ പട്ടികയിൽ ഇടംനേടുന്ന ആദ്യ വനിതയെന്ന സവിശേഷതയും സാറ ജോർജിനുണ്ട്.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started