പത്തനംത്തിട്ട അടൂരിലെ പട്ടാഴിമുക്ക് അപകടത്തില്‍ കാറിടിച്ചു കയറ്റിയത് മനപ്പൂര്‍വം എന്ന് ശരിവെക്കും വിധം ആര്‍ടിഒ എന്‍ഫോഴ്‌സുമെന്റിന്റെ പരിശോധനാ റിപ്പോര്‍ട്ട്. അപകടത്തിലായ കാര്‍ അമിതവേഗത്തില്‍ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയില്‍ വ്യക്തമായി. തെറ്റായ ദിശയില്‍ നിന്നുമാണ് കാര്‍ ഇടിച്ചു കയറിയത്. ഇരുവരും സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല. ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടി. ക്രാഷ് ബാരിയറില്‍ ഇടിച്ചാണ് കാറിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നത്. ആര്‍ടിഒ എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ട് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ക്ക് കൈമാറും. ഇക്കഴിഞ്ഞ 28ന് രാത്രി പത്തോടെയാണ് അടൂർ പട്ടാഴിമുക്കിൽ കാറും കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ച് നൂറനാട് സ്വദേശിനി അനുജ (36), ചാരുംമൂട് പാലമേൽ ഹാഷിം മൻസിലില്‍ ഹാഷിം (35) എന്നിവർ മരിച്ചത്. ടൂര്‍ കഴിഞ്ഞ് മടങ്ങിവരുന്നതിനിടെ അനുജയെ വാഹനം തടഞ്ഞു നിര്‍ത്തിയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. അമിത വേഗതയില്‍ കാര്‍ ലോറിയില്‍ ഇടിപ്പിച്ചതാണെന്ന് നേരത്തെ തന്നെ ദൃക്സാക്ഷികള്‍ മൊഴി നല്‍കിയിരുന്നു. കാര്‍ അമിത  വേഗതയില്‍ വന്ന് ഇടിച്ചുകയറുകയായിരുന്നുവെന്നാണ് ലോറി ഡ്രൈവറും മൊഴി നല്‍കിയിരുന്നത്. ഇതേ കാര്യമാണിപ്പോള്‍ മോട്ടോര്‍ വാഹന വകുപ്പും സ്ഥിരീകരിക്കുന്നത്.   സംഭവത്തില്‍ ഇരുവരും തല്‍ക്ഷണം മരിച്ചിരുന്നു. സഹ അധ്യാപകർക്ക് ഒപ്പം തിരുവനന്തപുരത്ത് വിനോദയാത്ര കഴിഞ്ഞ് മടങ്ങുകയായിരുന്നു അനുജ. ഇതിനിടെയാണ് ഹാഷിം കൂട്ടിക്കൊണ്ടുപോയത്. അതേസമയം, സംഭവത്തിൽ ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി മുന്നോട്ടുപോവുകയാണ് പൊലീസ്. രാസ പരിശോധനക്ക് പുറമെ, അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പൊലീസ് വീണ്ടെടുക്കും. വിനോദയാത്ര കഴിഞ്ഞു മടങ്ങിവന്ന അനുജ രവീന്ദ്രനെ വഴിമധ്യെ നിർബന്ധിച്ച് കൂട്ടിക്കൊണ്ടുപോയ ഹാഷിം എന്തിന് മരണത്തിലേക്ക് കാർ ഓടിച്ചു കയറ്റിയെന്നതാണ് പൊലീസിന് മുന്നിലെ ചോദ്യം.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started