പൃഥ്വിരാജിനെ നായകനാക്കി സംവിധായകൻ ബ്ലസി സംവിധാനം ചെയ്ത് ചിത്രം ആടുജീവിതത്തിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതിനെതിരെ പരാതി. ചിത്രത്തിന്റെ സംവിധായകൻ ബ്ലെസിയാണ് പൊലീസിൽ പരാതി നൽകിയത്.   ചെങ്ങന്നൂർ പൊലീസ് സ്റ്റേഷനിലും, സൈബർ പൊലീസ് സ്റ്റേഷനിലുമാണ് പരാതി നൽകിയത്. മൊബൈൽ സ്ക്രീൻഷോട്ടും വ്യാജ പതിപ്പ് ചിത്രീകരിച്ച ആളുടെ ഓഡിയോയും സഹിതമാണ് പരാതി നൽകിയത്.  സിനിമ തിയ്യറ്ററിൽ   പ്രദർശിപ്പിക്കുന്നതിനിടെ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തുവെന്നാരോപിച്ച് ചെങ്ങന്നൂരിൽ ഒരാൾ കസ്റ്റഡിയിൽ. സീ സിനിമാസ് തീയറ്റർ ഉടമയുടെ പരാതിയിലാണ് സിനിമ കാണാനെത്തിയ ആളെ കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തു. മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ കാണുന്നില്ലെന്നാണ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പൊലീസ് പറയുന്നത്. ഫോൺ വിദഗ്ദ പരിശോധനക്ക് വിധേയമാകുമെന്ന് പൊലീസ് അറിയിച്ചു. താൻ തിയറ്ററിലിരുന്ന് വീഡിയോ കാൾ ചെയ്യുകയായിരുന്നുവെന്നാണ് കസ്റ്റഡിയിൽ ഉള്ളയാൾ മൊഴി നൽകിയത്. വൻ അഭിപ്രായത്തോടെ ചിത്രം തിയ്യറ്ററിൽ കുതിപ്പ് തുടരുന്നതിനിടെയാണ് ഇന്റർനെറ്റിൽ ചിത്രത്തിന്റെ വ്യാജൻ ഇറങ്ങിയത്. കാനഡയിൽ നിന്നാണ് വ്യാജപതിപ്പ് അപ്ലോഡ് ചെയ്തിട്ടുളളത്. ഐപിടിവി എന്ന പേരിൽ ലഭിക്കുന്ന ചാനലുകളിലൂടെയും പതിപ്പ് പ്രചരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.   സമീപകാലത്ത് മലയാള സിനിമയില്‍ ഏറ്റവരും വലിയ കാത്തിരിപ്പ് ഉയര്‍ത്തിയ സിനിമ ആയിരുന്നു ആടുജീവിതം. ഏറ്റവും കൂടുതല്‍ വായിക്കപ്പെട്ട ബെന്യാമിന്‍റെ ആടുജീവിതം എന്ന നോവലിനെ ആസ്പദമാക്കിയുളള ചിത്രത്തിന് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്. റിലീസിന് മുന്‍പ് തന്നെ നായകൻ നജീബ് ആകാൻ പൃഥ്വിരാജ് നടത്തിയ രൂപമാറ്റവും ഡെഡിക്കേഷനും  പുറത്തുവന്നിരുന്നു. വ‍ര്‍ഷങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ റിലീസായ ചിത്രത്തിന്റെ വ്യാജനാണ് പ്രചരിക്കുന്നത്.      

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started