പത്തനംതിട്ട തണ്ണിത്തോട്ടിൽ വനത്തിനുള്ളിലെ ആറ്റില്‍ മീന്‍ പിടിക്കാന്‍ പോയ ആളെ കാട്ടാന ചവിട്ടിക്കൊന്നു. തേക്കുതോട് ഏഴാംതല നെടുമനാൽ സ്വദേശി ദിലീപ് (52) ആണ് മരിച്ചത്. വനമേഖലയിൽ മീൻ പിടിക്കാൻ സുഹൃത്തുക്കൾക്കൊപ്പംപോയപ്പോഴാണ് ആക്രമണം. ബുധനാഴ്ച രാത്രി ഏഴരയോടെ റാന്നി വനം ഡിവിഷനിലെ വടശേരിക്കര റേഞ്ചിലെ ഗുരുനാഥൻ മണ്ണ് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ പുളിഞ്ചാൽ വനമേഖലയിലാണ് സംഭവം. ജനവാസമേഖലയിൽ നിന്ന് ഒന്നര കിലോമീറ്റർ ദൂരെയാണിവിടം. സുഹൃത്തുക്കളായ മറ്റു രണ്ടു പേരോടൊപ്പമാണ് ദിലീപ് കല്ലാറ്റിൽ മീൻപിടിക്കാൻ പോയത്. വലകെട്ടികൊണ്ടിരിക്കുമ്പോഴാണ് കാട്ടാന എത്തിയത്.കൂടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടെങ്കിലും ദിലീപിന് ഓടാനായില്ല. സുഹൃത്തുക്കളില്‍ ഒരാള്‍ വനംവകുപ്പ് വാച്ചറെ സംഭവം അറിയച്ചതിന് പിന്നാലെ വനപാലകര്‍ സ്ഥലത്തെത്തി. കല്ലാറിന്റെ ഇരുകരകളിലും നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തെ വനപാലകർ പടക്കം പൊട്ടിച്ച് അകറ്റിയ ശേഷമാണ് മൃതദേഹത്തിന് അടുത്തെത്താനായത്. കാട്ടാനക്കൂട്ടം മാറിയശേഷം ദിലീപിന്റെ മൃതദേഹം പൊലീസ് പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

Leave a comment

Designed with WordPress

Design a site like this with WordPress.com
Get started